മലയാളിയുടെ സ്വര്‍ണ്ണാഭരണഭ്രമം പ്രസിദ്ധമാണല്ലോ. അക്ഷയത്രിതീയിലും മറ്റ് ഓഫര്‍ കാലഘട്ടങ്ങളിലും സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്ന മലയാളിയുടെ മുഖത്തെ പുഞ്ചിരി, പക്ഷേ സ്വര്‍ണാഭരണം വില്‍ക്കുമ്പോള്‍ ഉണ്ടാകാറില്ല.സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ നഷ്ടത്തിന്‍റെ കണക്ക് മാത്രമെ പറയാനുള്ളു എന്നതാണ് കാരണം.സ്വര്‍ണം വാങ്ങുമ്പോള്‍ നല്‍കിയ വില സ്വര്‍ണം വില്‍ക്കുമ്പോള്‍ ലഭിക്കാറില്ല.
ഒരു സ്വര്‍ണാഭരണം വാങ്ങുമ്പോള്‍, സ്വര്‍ണ്ണത്തിന്‍റെ വില, പണിക്കൂലി, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നികുതികള്‍, ആഭരണത്തിലെ കല്ലിന്‍റെയും രത്നങ്ങളുടെയും വില എന്നിവ ഉള്‍പ്പെയുന്ന തുകയാണ് നമ്മള്‍ നല്‍കുന്നത്. എന്നാല്‍ സ്വര്‍ണ്ണാഭരണം വില്‍പ്പന നടത്തുമ്പോള്‍ സ്വര്‍ണ്ണത്തിന്‍റെ യഥാര്‍ത്ഥ വിലയൊഴികെ മറ്റെല്ലാം നഷ്ടം തന്നെയാണ്. സ്വര്‍ണാഭരണം നിക്ഷേപമായി വാങ്ങുന്നവര്‍ പോലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല.
സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ നഷ്ടം പരമാവധി കുറക്കുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
- സ്വര്‍ണ്ണം വാങ്ങിയ ജ്വല്ലറിയില്‍ തന്നെ വില്‍ക്കാന്‍ ശ്രമിക്കുക. പല പ്രമുഖ ജ്വല്ലറികളും അവര്‍ വില്‍ക്കുന്ന ആഭരണങ്ങളില്‍ ജ്വല്ലറിയുടെ വിവരങ്ങള്‍ മുദ്രണം ചെയ്യാറുണ്ട്. ഇതിലൂടെ തര്‍ക്കങ്ങള്‍ ഒഴിവാക്കാനാകും. ഒപ്പം തന്നെ സ്വര്‍ണ്ണത്തിന് പരമാവധി വില ഉറപ്പാക്കാനും സാധിക്കും.
- സ്വര്‍ണ്ണം വാങ്ങുമ്പോള്‍ ബില്ല് ചോദിച്ച് വാങ്ങുകയും സൂക്ഷിച്ച് വയ്കുകയും വേണം. വില്‍പ്പന സമയത്ത് ഈ ബില്ല് നല്‍കുക. സ്വര്‍ണ്ണത്തിന്‍റെ ശുദ്ധി, തൂക്കം, എന്നിവയെ കുറിച്ച് വ്യക്തമായ രേഖപ്പെടുത്തലുകള്‍ ഉള്ളതിനാല്‍ ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വില്‍പ്പന സമയത്ത് ഒഴിവാക്കനാകും.
- ഉടമസ്ഥാവകാശത്തിന്‍റെ വ്യക്തമായ രേഖയായതിനാല്‍ ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും യഥാര്‍ത്ഥ ബില്‍ നല്‍കുന്നതിലൂടെ ഒഴിവാക്കനാകും
- ലേറ്റസ്റ്റ് ഫാഷനിലുള്ള ആഭരണങ്ങളും, പാരമ്പര്യ രീതിയില്‍ ഡിസൈന്‍ ചെയ്ത ആഭരണങ്ങളും വില്‍കാതിരിക്കുക. ഫാഷന് പ്രാമുഖ്യം കൊടുക്കുന്ന ഇത്തരം ആഭരണങ്ങളുടെ പണിക്കൂലിയും, പണിക്കുറവും താരതമ്യേന ഉയര്‍ന്നതായിരിക്കും.ഇത്തരം ആഭരണങ്ങള്‍ 22 കാരറ്റ് ആകണമെന്നുമില്ല. സ്വര്‍ണ്ണം വില്‍ക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ലളിതമായ ഡിസൈനില്‍ തയ്യാറാക്കിയ ആഭരണങ്ങള്‍ മാത്രം വില്‍ക്കുക. ഇതിലൂടെ പണിക്കൂലി, പണിക്കുറവ് എന്നീ ഇനങ്ങളിലെ നഷ്ടം കുറക്കാനാകും.
- പഴയ സ്വര്‍ണ്ണമാണ് വില്‍ക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ പരിശുദ്ധതയുടെ പേരില്‍ പറ്റിക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്. പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ബി.ഐ.എസ് ഹാള്‍മാര്‍ക്ക് ഇല്ലാത്തതിനാല്‍ ജ്വല്ലറികള്‍ വില പരമാവധി കുറക്കാന്‍ സാദ്ധ്യതയുണ്ട്.നിങ്ങളുടെ സ്വര്‍ണ്ണം പഴയതാണെങ്കില്‍ ബി.ഐ.എസ് ഓഫീസുമായി ബന്ധപ്പെട്ട് പരിശുദ്ധി തിട്ടപ്പെടുത്തി വയ്ക്കുന്നത് നന്നായിരിക്കും.പല ജ്വല്ലറികളിലും കാരറ്റ് അനലൈസര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കാം.
മേല്‍ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ ഉണ്ടാകാവുന്ന നഷ്ടം ഒരു പരിധി വരെ കുറയ്ക്കാം. സ്വര്‍ണ്ണം നിക്ഷേപമായി കാണുന്നവര്‍ക്ക്, സ്വര്‍ണ്ണ നാണയം, ഗോള്‍ഡ് ബോണ്ട്, ഇ.ടി.എഫ് എന്നീ രീതികളിലൂടെ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താവുന്നതാണ്.
Also Read : എന്താണ് സോവറിൻ ഗോൾഡ് ബോണ്ട്
Content Highlights : Things to remember before selling gold, gold price today,gold rate kerala
0 Comments