രജനിഗന്ധ ക‍ൃഷി ചെയ്യാം -വരുമാനം നേടാം


image of tuberose or rajanigandha

വാണിജ്യാടിസ്ഥാനത്തില്‍ ലാഭകരമായി കൃഷി ചെയ്യാവുന്ന പുഷ്പവിളയാണ് ട്യൂബ് റോസ്.രജനീഗന്ധ,നിശീഗന്ധ എന്നീ അപരനാമത്തില്‍ ട്യൂബ് റോസ്.വശ്യമാര്‍ന്ന സൗരഭ്യമുള്ള പുഷ്പമാണ് ഇത്.വൈവിദ്ധ്യമാര്‍ന്ന മണ്ണിലും കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നതിനാലും, പൂക്കള്‍ക്ക് സൂക്ഷിപ്പുകാലം താരതമ്യേന കൂടുതലായതിനാലും വിപണിയില്‍ ആവശ്യക്കാരേറെയാണ് ട്യൂബ് റോസിന്.

മെക്സിക്കോ ജന്മദേശമായ ട്യൂബ് റോസ് പുഷ്പാലങ്കാരങ്ങളിലും, സ്റ്റേജ് അലങ്കാരങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നതോടൊപ്പം തന്നെ മാലകെട്ടുന്നതിനും പൂജകല്‍ക്കും ഉപയോഗപ്പെടുത്തുന്നു.ട്യൂബ്  റോസില്‍ നിന്ന് വേര്‍ത്തിരിച്ചെടുക്കുന്ന സുഗന്ധതൈലം ഏറെ വിലപിടിപ്പുള്ളതും ബ്രാന്‍റ‍‍ഡ് പെര്‍ഫ്യൂമുകളിലെ അവിഭാജ്യ ഘടകവുമാണ്.

രജനീഗന്ധ-മണ്ണും കാലാവസ്ഥയും

ഉഷ്ണ മേഖല-സമശീതോഷ്ണ മേഖലയില്‍ കൃഷി ചെയ്യാവുന്ന ട്യൂബ്റോസിന് സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം തെര‍ഞ്ഞെടുക്കാന്‍.കൃഷിക്ക് അനിയോജ്യമായ താപനില 20 ഡിഗ്രി മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണെങ്കിലും 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള താപ നിലയും 20 ഡിഗ്രി താഴെയുള്ള താപനിലയും പൂക്കളുടെ ഗുണ നിലവാരത്തെ ബാധിക്കുന്നു.

അമ്ല-ക്ഷാര നില 6.5 മുതല്‍ 7.5 വരെയുള്ള മണ്ണാണ് കൃഷിക്ക് അനിയോജ്യം. മണല്‍ കലര്‍ന്ന എക്കല്‍ മണ്ണ്, വളക്കൂറുള്ള എക്കല്‍ മണ്ണ് എന്നിവ കൃഷിക്ക് തെരഞ്ഞെടുക്കാവുന്നതാണ്. മണ്ണിന്‍റെ നീര്‍വാര്‍ച്ചയും, വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. ചെറിയ വെള്ളക്കെട്ട് പോലും വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു.

രജനീഗന്ധ-ഇനങ്ങള്‍

ദളങ്ങളുടെ എണ്ണം, വിന്യാസം എന്നിവ അടിസ്ഥാനപ്പെടുത്തി ട്യൂബ് റോസ് പുഷ്പങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

സിംഗിള്‍- ഒറ്റ വരി ദളങ്ങള്‍ പൂക്കള്‍ വെള്ള നിറത്തില്‍ കാണപ്പെടുന്നു.

രജതരേഖ, അര്‍ക്കശൃംഗാര്‍, അര്‍ക്ക പ്രജ്ജ്വല്‍ എന്നിവയാണ് പ്രധാന ഇനങ്ങള്‍ 

‍ഡബിള്‍- മൂന്നില്‍ കൂടുതല്‍ വരി ദളങ്ങള്‍ 

അര്‍ക്ക സുവാസിനി, അര്‍ക്ക വൈബവ്, ഫൂലേ രജത് പേള്‍ ഡബിള്‍ എന്നിവയാണ് പ്രധാന ഇനങ്ങള്‍ 

സെമിഡബിള്‍-രണ്ട് മുതല്‍ മൂന്ന് വരി ദളങ്ങള്‍ കാണപ്പെടുന്നു.

ഉളളിയോട് രൂപ സാദൃശ്യമുള്ള, താഴ് ഭാഗത്ത് വേരോട് കൂടിയ പ്രതലമുള്ള ഭൂകാണ്ഡങ്ങളാണ് നടീല്‍ വസ്തു.ബള്‍ബുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി നടത്തുന്നതിനായി എകദേശം 1.25 മുതല്‍ 1.5 ലക്ഷം ബള്‍ബുകള്‍ വേണ്ടി വരും. വിളവെടുപ്പിന് ശേഷം കൃഷിയിടത്തില്‍ നിന്ന് പറിച്ചടുക്കുന്ന ബള്‍ബുകള്‍ 4-5 ആഴ്ച കഴിഞ്ഞതിന് ശേഷം മാത്രമേ നടാന്‍ ഉപയോഗിക്കാവൂ. 10 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ 30 ദിവസം ബള്‍ബുകള്‍ സൂക്ഷിക്കുന്നത് ചെടിയുടെ വളര്‍ച്ചക്കും, വിളവ് കൂടുന്നതിനും സഹായകമാണ്. ആരോഗ്യമുള്ളതും 1.5 സെ.മി. മുതല്‍ 3 സെമി വരെ വ്യാസമുള്ള ബള്‍ബുകള്‍ വേണം നടുന്നതിനായി തെരഞ്ഞെടുക്കാന്‍. നടുന്നതിന് മുമ്പ് ബള്‍ബുകള്‍ 0.2 ശതമാനം കാര്‍ബന്‍റാസിം ലായനിയില്‍ അര മണിക്കൂര്‍ മുക്കി വക്കുന്നത് കുമിള്‍ രോഗങ്ങളെ തടയുന്നതിന് സഹായിക്കും

കേരളത്തില്‍ കാലവര്‍ഷാരംഭത്തോടെ ബള്‍ബുകള്‍ നടാം. നടീല്‍ അകലം 20  25 സെ.മി ആകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ബള്‍ബുകള്‍ മൂന്ന് മുതല്‍ ഏഴ് സെ.മീ  വരെ  ആഴത്തില്‍ നടാവുന്നതാണ്.

രജനീഗന്ധ-വളപ്രയോഗം

ഒരു ഹെക്ടറിന് 30 ടണ്‍ എന്ന രീതിയില്‍ ജൈവവളം നല്‍കണം.ബള്‍ബ് നട്ട് കഴിഞ്ഞ് 40 ദിവസം കഴിഞ്ഞ് 10 ദിവസം ഇടവിട്ട് 60 ദിവസം വരെ വളര്‍ച്ചാ ഹോര്‍മോണായ ജിബ്ബര്‍ലിക് ആസിഡ് 50 മുതല്‍ 100 പി.പി.എം വീര്യത്തില്‍ തളിച്ച് കൊടുക്കുന്നത് വളര്‍ച്ചക്കും വിളവിനും എറെ ഗുണം ചെയ്യും.

ഉണങ്ങിയ പുല്ല്, വൈക്കോൽ, കറുത്ത മൾച്ചിങ്ങ് ഷീറ്റ് എന്നിവ ഉപയോഗിച്ച് പുതയിടുന്നത് കളകളുടെ വളർച്ച നിയന്ത്രിക്കുന്നതിനും, മണ്ണിലെ ജലാംശം നിലനിർത്തുന്നതിനും സഹായിക്കും. ചെടികളുടെ വരികൾ തമ്മിലുളള ഇടയിളക്കി കൊടുക്കുന്നത് വായു സഞ്ചാരം സുഗമമാക്കുന്നു.ചെടികൾ 15 മുതൽ 20 സെ.മി വരെ ഉയരത്തിൽ മണ്ണ് കയറ്റി കൊടുക്കണം.

നീരൂറ്റി കുടിക്കുന്ന ചെറു പ്രാണികളും, ഒച്ചുകളും പുൽച്ചാടികളുമാണ് ട്യൂബ് റോസിനെ ആക്രമിക്കുന്ന പ്രധാന കീടങ്ങൾ. ഇവയെ നേരിടാൻ മാലത്തിയോൺ 0.1% വീര്യത്തിൽ തളിച്ച് കൊടുക്കാവുന്നതാണ്.

സ്കീറോഷ്യൻ വിൽറ്റ്, ഇല കരിച്ചിൽ, ആൾട്ടർ നേറിയ ഇലപുള്ളി രോഗം എന്നിവയാണ് പ്രധാന രോഗങ്ങൾ. അടിബവളമായി ട്രൈക്കോഡെർമ്മ സമ്പുഷ്ടമാക്കിയ ചാണകപ്പൊടി, അല്ലെങ്കിൽ കമ്പോസ്റ്റ് ഇട്ട് കൊടുക്കുന്നതും, ഒരു ലിറ്റർ വെളളത്തിന് 20 ഗ്രാം എന്ന അനുപാതത്തിൽ തയ്യാറാക്കിയ സ്യൂഡോമോണാസ് ലായനി ഉപയോഗിച്ച് മാസം തോറും തടം കുതിർക്കുന്നതും ഇത്തരം രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നു.

നട്ട് 3 മുതൽ 3.5 മാസമാകുമ്പോഴേക്ക് പൂങ്കുലകൾ ഉണ്ടാവാൻ തുടങ്ങും. ഒരിക്കൽ നട്ട് കഴിഞ്ഞാൽ 2.5 മുതൽ 3 വർഷത്തോളം തുടർച്ചയായി വിളവെടുപ്പ് നടത്താം. ഒരു ഹെക്ടറിൽ നിന്ന് 4 മുതൽ 5 ലക്ഷം വരെ കട്ട് ഫ്ലവർ വിളവെടുക്കാം. 

ട്യൂബ് റോസ് പൂക്കളിൽ നിന്ന് വേർത്തിരിച്ചെടുക്കുന്ന സുഗന്ധ തൈലം വില പിടിച്ചതാണ്. ഒരു കിലോ സുഗന്ധ തൈലം വേർത്തിരിച്ചെടുക്കാൻ 3600 കിലോഗ്രാം പൂക്കൾ വേണ്ടിവരും.

 

 

Content Highlight: How to grow Tuberose,Rajanigandha cultivation, Rajanighandha flower


Post a Comment

0 Comments